ചെന്നൈ: അണ്ണാ ഡിഎംകെയെ പ്രതിരോധത്തിലാക്കി എംഎൽഎമാരുടെ രാജി തുടരുന്നു. കരൂരിൽ നിന്നുള്ള എം.ആർ.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയ അദ്ദേഹം വൈകാതെ ടിവികെയിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.
വിജയഭാസ്കറിന്റെ രാജിയോടെ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയുടെ അംഗബലം 47ൽ നിന്നും 41 ആയി ചുരുങ്ങി. ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം, 2021ൽ കരൂരിൽ ഡിഎംകെയുടെ സെന്തിൽ ബാലാജിയോട് പരാജയപ്പെട്ടിരുന്നു.
എന്നാൽ 2026 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. മുൻ അണ്ണാ ഡിഎംകെ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന സി. വിജയഭാസകറും അടുത്തിടെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. സി. വിജയഭാസ്കർ ഇന്ന് ടിവികെയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്.
മേയ് 13ന് തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവരടക്കം 25 അണ്ണാ ഡിഎംകെ എംഎൽഎമാർ ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. അതേസമയം കൊഴിഞ്ഞു പോക്കിനെക്കുറിച്ച് പ്രതികരിക്കാൻ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തയാറായില്ല.